ന്യൂഡൽഹി: ജനജീവിതം സ്തംഭിപ്പിക്കരുതെന്ന സുപ്രീംകോടതി നിർദേശം കാറ്റിൽപ്പറത്തി എസ്ഐആറിനെതിരായ പ്രതിഷേധത്തിൽ രാജ്യതലസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ തുടരുന്നു. പ്രതിഷേധഭൂമിയായ ജന്തർ മന്തറിന് അഞ്ചു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ മെട്രോ സ്റ്റേഷനുകളും ഉൾപ്പടെ അമ്പതോളം സ്റ്റേഷനുകളാണ് പൂർണമായും അടച്ചിട്ടത്.
സുപ്രീംകോടതി നിർദേശം അവഗണിച്ച് ഡൽഹിയിലേക്കുള്ള ട്രെയിൻ ഗതാഗതം വൈകുന്നേരം നാലുവരെ റദ്ദാക്കി. കൂടാതെ, നിരവധി ഇടങ്ങളിൽ പൊലിസിന്റെ പരിശോധന പൂർത്തിയാക്കിയശേഷം മാത്രമാണു ന്യൂഡൽഹി മേഖലയിലേക്ക് സാധാരണക്കാർക്കു പ്രവേശനം അനുവദിച്ചത്.
കടുത്ത നിയന്ത്രണം ഏർപ്പെടുത്തി ഡൽഹിയെ പൂർണമായും സ്തംഭിപ്പിച്ചതിനെതിരേ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജി എത്തിയിട്ടുണ്ട്. വെള്ളിയാഴ്ചത്തെ സുപ്രീംകോടതി ഉത്തരവ് ലംഘിച്ചുവെന്നാരോപിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ ഉൾപ്പടെയുള്ള അധികാരികൾക്കെതിരേയാണു ഹർജി. സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് നഗരത്തിൽ മെട്രോ സ്റ്റേഷനുകൾ അടച്ചിടുന്നത് തുടരുന്നുവെന്നും ഇത് പൊതുജീവിതം സ്തംഭിപ്പിച്ചതായും ഹർജിയിൽ ആരോപിക്കുന്നു.